ദോഹ: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും . നാദാപുരം തൂണേരി സ്വദേശിയായ അർജുൻ (30) ആണ് മരിച്ചത്. അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനും അപകടത്തിൽ മരിച്ചു. 66 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ 18 പേരെ കാണാതായി.
റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് പ്ലാന്റിൽ ഞായറാഴ്ചയാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റ് പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് അപകടം. ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടം സംഭവിച്ചതെന്നും ആക്രമണമല്ലെന്നും ഖത്തർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വ്യാവസായിക കേന്ദ്രത്തിന് പുറത്ത് വാതക ചോർച്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് മുകളിൽ ഇറാൻ നിയന്ത്രണം കർശനമാക്കിയതിനെത്തുടർന്ന് ഖത്തർ റാസ് ലഫാനിലെ ഇന്ധന ഉത്പാദനം നിർത്തിവച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇതേത്തുടർന്ന്, പ്ലാന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഖത്തർ ആരംഭിച്ചു. ഈ സമയത്താണ് അപകടം സംഭവിച്ചത്.
അപകടത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. ബർസാൻ പ്ലാന്റിൽ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യൺ ക്യുബിക് അടി പ്രകൃതിവാതകം ഉത്പാദിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്

