കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പിളർപിന് പിന്നാലെ പാർട്ടിയുടെ ഭാരവാഹികൾ ആരൊക്കെയെന്ന് വ്യക്തമാക്കി മമത ബാനർജി പുതിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. മമത തന്നെയാണ് ചെയർ പേഴ്സൺ എന്ന് വ്യക്തമാക്കുന്ന പട്ടികയാണ് നൽകിയിരിക്കുന്നത്. അഭിഷേക് ബാനർജി, ഡെറക് ഒബ്രയാൻ, സുബ്രത ബക്ഷി എന്നിവരുൾപ്പെടെ പ്രധാന നേതാക്കളെ ഉൾപ്പെടുത്തിയാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് ദേശീയ വർക്കിംഗ് കമ്മിറ്റി പട്ടികയുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.
മുതിർന്ന നേതാവ് സുബ്രത ബക്ഷിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അഭിഷേക് ബാനർജിയെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും നിയമിച്ചു.മമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പട്ടിക നൽകുന്നതിനു ഒരു ദിവസം മുൻപാണ് വിമതരായ എം പി – എം എൽ എ മാർ കൊൽക്കത്തയിൽ പ്രത്യേകസമ്മേളനം ചേർന്ന് സമാന്തര സംഘടന പ്രഖ്യാപിച്ചത്. ആ സമ്മേളനത്തിൽ സീനിയർ എം എൽ എ അരൂപ് റായിയെ പാർട്ടി ചെയർപേഴ്സണായി തെരഞ്ഞെടുത്തിരുന്നു. മമതയ്ക്കും അഭിഷേകിനും എതിരായ നേരിട്ടുള്ള വെല്ലുവിളിയായി ആയിട്ടായിരുന്നു ആ നീക്കത്തെ വിലയിരുത്തിയത്.
എന്നാൽ വിമതരുടെ പ്രഖ്യാപനം മമത വിഭാഗം തള്ളി. പാർട്ടി ഭരണഘടന പ്രകാരം അത്തരമൊരു സമ്മേളനം വിളിക്കാനോ, ഘടന മാറ്റാനോ വിമതർക്ക് അധികാരമില്ലെന്നാണ് മമത വിഭാഗം നേതാവ് കുനാൽ ഘോഷ് പറയുന്നത്.

