കണ്ണൂർ: മട്ടന്നൂരിലെ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 42 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.
ഇന്നലെ രാത്രിയാണ് വയനാട്ടിൽ നിന്ന് ബസ് പുറപ്പെട്ടത് . ശിവപുരത്ത് എത്തിയപ്പോൾ, ബസിന് പിന്നിൽ നിന്ന് തീ പടരുന്നത് ഡ്രൈവർ ശ്രദ്ധിച്ചു. തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും ഉണർത്തി പുറത്തേക്കിറക്കി. അവരുടെ ലഗേജുകളും പുറത്തെടുത്തു. മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നുമുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. സമീപത്തുള്ള ഒരു പഴക്കടയിലേക്കും തീ പടർന്നിരുന്നു. ഇതും അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

