ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും ഉജ്ജയിനിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങി കൂട്ടിയതായി റിപ്പോർട്ട്. സർക്കാർ പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിൽ തന്നെയാണ് മോഹൻ യാദവും കുടുംബവും സ്വാധീനമുപയോഗിച്ച് 168 ഏക്കർ ഭൂമി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവ്, ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാൽ നാരായൺ യാദവ്, ഭാര്യ രേഖ, മകൻ അഭയ് യാദവ്, അടുത്ത ബന്ധുക്കളായ ഗോവിന്ദ്, നിലേഷ് യാദവ് എന്നിവർ ചേർന്നാണ് ഭൂമി വാങ്ങി കൂട്ടിയിരിക്കുന്നത്. 2023 ഡിസംബർ 13 ന് മോഹൻ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇതിനുശേഷം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അവരുടെ നാല് റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നിന്റെയും പേരിൽ ഭൂമി വാങ്ങി. സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ മുഖ്യമന്ത്രി വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നതാണ് പ്രധാന ആരോപണം.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ പല സ്ഥലങ്ങളും വൻ ഭവന പദ്ധതികളാക്കി മാറ്റി വൻ ലാഭം കൊയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്ന വിമർശനവും ശക്തമാണ്. വികസനത്തിന്റെ മറവിൽ നടന്ന വൻ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ മധ്യപ്രദേശിൽ മോഹൻ യാദവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

