കൊച്ചി: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ ഗുണ്ട മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷമ്നാദിന്റെ തീവ്രവാദ ബന്ധം ചർച്ചയാകുന്നു. യു എ പി എ ചുമത്തിയത് ഉൾപ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷമ്നാദ്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു ഇയാൾ എന്നാണ് വിവരം.
2016 വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ കയറി സ്വർണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഷമ്നാദ്. 2023 ഓഗസ്റ്റ് 17ന് വെള്ളിയാംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശ്ശൂർ സിറ്റി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷംനാദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
എ. ടി.എസ് ഡിഐജി പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസാണ് ഷമ്നാദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കേ ഇന്ത്യയിലും നേപ്പാളിലുമായി ഇയാൾ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും ആന്റി ടെററിസ്റ്റ് സ്ക്വാർഡ് അന്വേഷിച്ചു വരികയാണ്.