തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം. 600 ഓളം ബൈക്കുകൾ കത്തിനശിച്ചു . റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമീപത്തുള്ള ഒരു മരത്തിനും തീപിടിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 6:30 ഓടെ പാർക്കിംഗ് ഏരിയയിൽ നിന്ന് പുക ഉയരുന്നത് കണ്ട് എത്തിയവരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത് . റെയിൽവേ ലൈനിന് മുകളിൽ നിന്ന് ഷീറ്റുകൾ കൊണ്ട് മൂടിയ ബൈക്കുകളിലേക്ക് തീ വീണതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. തുടക്കത്തിൽ രണ്ട് ബൈക്കുകൾക്ക് തീ പിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ തീ പടരുകയും ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചതോടെ അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു.
‘റെയിൽവേ ലൈനിന് മുകളിൽ നിന്ന് ബൈക്കുകളിലേക്ക് തീ വീണു. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ പുക ഉയർന്നു, തീ ആളിപ്പടർന്നു. സഹായത്തിനായി ആളുകളെ വിളിക്കുമ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നു. ഞായറാഴ്ച ആയതിനാൽ പാർക്കിംഗ് സ്ഥലത്ത് തിരക്ക് കുറവായിരുന്നു, അല്ലെങ്കിൽ ആയിരത്തോളം വാഹനങ്ങൾ ഉണ്ടാകുമായിരുന്നു.‘ അപകടം നടന്നപ്പോൾ പാർക്കിംഗ് ഏരിയയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി മല്ലിക പറഞ്ഞു.

