ന്യൂഡൽഹി ; ഡൽഹി കലാപക്കേസിൽ ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മറ്റ് അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാ-ഉർ-റഹ്മാൻ, മുഹമ്മദ് ഷക്കീൽ ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
12 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ അവർക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി മുമ്പ് ജാമ്യാപേക്ഷകൾ നിരസിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തങ്ങൾ ജയിലിലാണെന്നും, ജാമ്യം നൽകണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്.
ജാമ്യത്തിന്റെ കാര്യത്തിൽ എല്ലാ പ്രതികളെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞു. ” ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും റോളുകൾ മറ്റ് പ്രതികളേക്കാൾ വ്യത്യസ്തവും ഗുരുതരവുമാണ്. തീരുമാനമെടുക്കുന്നതിന് മുമ്പ് ഓരോ പ്രതിയുടെയും പങ്ക് വ്യക്തിഗതമായി പരിഗണിക്കണം ” എന്ന് സുപ്രീം കോടതി പറഞ്ഞു
2020-ൽ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയെന്നാണ് ഇവർക്ക് മേൽ ചുമത്തിയ കുറ്റം. ഇത് ഡൽഹി കലാപത്തിലേക്ക് നയിച്ചു. കലാപത്തിൽ 15 ഹിന്ദുക്കൾ ഉൾപ്പെടെ അമ്പത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സർക്കാരിനെ അസ്ഥിരപ്പെടുത്താനും സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്താനും ലക്ഷ്യമിട്ടുള്ള ഒരു പാൻ-ഇന്ത്യൻ ഗൂഢാലോചനയാണിതെന്ന് പോലീസ് പറഞ്ഞിരുന്നു.

