തിരുവനന്തപുരം: നേമത്ത് ഇനി മത്സരിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം നേമത്ത് മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.അതുകൊണ്ട് തന്നെ സിപിഎമ്മിന് ശിവൻ കുട്ടി അല്ലാതെ മറ്റൊരു ചോയിസ് ഇല്ലെന്ന രീതിയിൽ വാർത്തകളും വന്നിരുന്നു.
ഇതിനു പിന്നാലെയാണ് ശിവൻകുട്ടി തന്റെ നിലപാട് അറിയിച്ചത്. നേമത്ത് മൂന്ന് തവണ മത്സരിച്ച താന്‍ രണ്ടുതവണ വിജയിച്ചുവെന്നും, ഒരിക്കല്‍ ഒ. രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയെന്നും ശിവന്‍കുട്ടി പറഞ്ഞു . നേമത്ത് ആര് മത്സരിക്കണമെന്ന് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനിക്കുമെന്നും അത് പാലിക്കും. 40 വര്‍ഷമായി പാര്‍ട്ടി എടുത്ത തീരുമാനമാണ് തന്റെ തീരുമാനമെന്നും അത് പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇടതുമുന്നണിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു പ്രധാന നിയമസഭാ മണ്ഡലമാണ് നേമം. അടുത്തിടെ നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലം ബിജെപിക്കൊപ്പമാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്, രാജീവ് ചന്ദ്രശേഖർ ഇവിടെ മത്സരിക്കുമെന്ന സൂചനകൾ പുറത്ത് വന്നത് . 2016 ൽ ഒ രാജഗോപാൽ നേമത്ത് നിന്ന് വിജയിക്കുകയും കേരള നിയമസഭയിൽ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു . എന്നാൽ, 2021 ലെ തിരഞ്ഞെടുപ്പിൽ, വി ശിവൻകുട്ടി നേമത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിച്ചു.

