നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടി ലെന . ‘ഈ അത്ഭുതകരമായ അനുഭവങ്ങളെല്ലാം ലഭിച്ചതിൽ അനുഗ്രഹീതയാണ്. പ്രശാന്ത് നായർക്ക് നന്ദി. ‘ എന്ന കുറിപ്പോടെയാണ് ലെന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്ക് വച്ചത്.
ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ – 9 ഇന്നലെയാണ് പറന്നുയർന്നത്. ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്സിയം -4 ദൗത്യത്തിന്റെ ബാക്കപ്പ് പൈലറ്റായിരുന്നു. ശുഭാൻഷു ശുക്ലയ്ക്ക് ഏതെങ്കിലും സാഹചര്യത്തിൽ പിന്മാറേണ്ടിവന്നാൽ, പ്രശാന്തിനെ പകരം അയ്ക്കാനും തീരുമാനിച്ചിരുന്നു.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിൽ ഇരുവരും പരിശീലനം നേടി. ബുധനാഴ്ച വിക്ഷേപണം പൂർത്തിയാകുന്നതുവരെ പ്രശാന്തും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലായിരുന്നു. അവിടെ നിന്ന് പ്രശാന്ത് ചിത്രീകരിച്ച ഒരു വീഡിയോ ലെന കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു.
ലെനയും പ്രശാന്തും 2024 ജനുവരി 17 നാണ് വിവാഹിതരായത്. ലെന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനാണ് തന്റെ വരനെന്നും ബഹിരാകാശയാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി നടി സോഷ്യൽ മീഡിയയിൽ വിവരം പങ്കുവയ്ക്കുകയായിരുന്നു.

