തിരുവനന്തപുരം: കുട്ടികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമായി സാർവത്രിക പ്രീ-എക്സ്പോഷർ റാബിസ് വാക്സിനേഷൻ പരിപാടി ആരംഭിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ . സംസ്ഥാനവ്യാപകമായി പൂർണ്ണമായി റാബിസ് വാക്സിനേഷൻ ഉടനടി സാധ്യമല്ലെങ്കിൽ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പദ്ധതി ആരംഭിച്ച് ക്രമേണ വിപുലീകരിക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു.
എല്ലാ കുട്ടികൾക്കും, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ളതോ മെഡിക്കൽ സേവനങ്ങൾ കുറഞ്ഞതോ ആയ പ്രദേശങ്ങളിൽ വാക്സിനേഷൻ തുടങ്ങി, ഡോക്ടർമാർ, മൃഗഡോക്ടർമാർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ശുചിത്വ ജീവനക്കാർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികളെ ക്രമേണ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്യുന്നതിനായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും കെജിഎംഒഎ നിർദ്ദേശിച്ചു.
വാക്സിനേഷൻ നൽകിയിട്ടും പത്ത് വയസിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികളാണ് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ചത് . ലോകമെമ്പാടുമായി ഏകദേശം 59,000 പേർ ഈ രോഗം മൂലം മരിക്കുന്നു, ഇതിൽ 18,000 മുതൽ 20,000 വരെ മരണങ്ങൾ ഇന്ത്യയിലാണ്. ഇരകളിൽ ഏകദേശം 40 ശതമാനവും കുട്ടികളാണ്, കേരളത്തിൽ, ഇപ്പോഴും 20–25 പേർ ഓരോ വർഷവും റാബിസ് ബാധിച്ച് മരിക്കുന്നുണ്ട്.

