കൊച്ചി: കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് പണം പിരിച്ച് ഉത്സവങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച ‘ആഘോഷ കമ്മിറ്റി’യുടെ അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി .കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ മാർച്ച് 10 ന് നടന്ന ക്ഷേത്രോത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ വിപ്ലവഗാനങ്ങൾ ആലപിച്ചതുമായി ബന്ധപ്പെട്ട് ഒരു ഭക്തൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് .
ഗായകനെ അഘോഷ കമ്മിറ്റി ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ ആലപിച്ചിരുന്നതായി വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും എന്തെങ്കിലും കുറ്റകൃത്യം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.അവതരണത്തിന് സൗകര്യമൊരുക്കിയത് അഘോഷ കമ്മിറ്റിയാണെന്ന് അഭിഭാഷകൻ മറുപടി നൽകി.
തുടർന്ന് കോടതി ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി. ഉത്സവം നടത്തുന്നതിന് കമ്മിറ്റി ഉത്തരവാദിയാണെന്നും അതിലെ അംഗങ്ങളിൽ ക്ഷേത്ര ഉപദേശക സമിതിക്ക് പുറത്തുള്ള വ്യക്തികളും ഉൾപ്പെടുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.ഇത് കേട്ട കോടതി, “ക്ഷേത്ര ഉപദേശക സമിതി അല്ലാത്ത വ്യക്തികൾ ഭക്തരിൽ നിന്ന് പണം പിരിക്കുന്നതിന്റെ വ്യക്തമായ കേസാണിത്” എന്ന് വാക്കാൽ വ്യക്തമാക്കി.
രാഷ്ട്രീയ പിന്തുണയുള്ളതുകൊണ്ട് മാത്രം ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ അത്തരം നടപടികൾ സ്വീകരിക്കരുതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഫണ്ട് ശേഖരിക്കുന്നതിൽ അഘോഷ കമ്മിറ്റിയുടെ നിയമസാധുതയെ കോടതി ചോദ്യം ചെയ്യുകയും അത് ക്രിമിനൽ കുറ്റമാണെന്ന് പറയുകയും ചെയ്തു.

