ബെംഗളൂരു: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കർണാടകയിൽ പഞ്ചായത്ത് ഓഫീസറെ സസ്പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിലെ സിർവാർ താലൂക്കിൽ നിന്നുള്ള പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാറിനെയാണ് ആർഎസ്എസ് ശതാബ്ദി പരിപാടിയിൽ പങ്കെടുത്തതിന് ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) വകുപ്പ് സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 12 ന് ലിങ്സുഗൂരിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ കുമാർ പ്രവീൺ പങ്കെടുത്തുവെന്നാണ് ആരോപണം. അരുന്ധതി ചന്ദ്രശേഖർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ, രാഷ്ട്രീയ നിഷ്പക്ഷതയും അച്ചടക്കവും ആവശ്യമായ സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ പ്രവീൺ ലംഘിച്ചതായി പറയുന്നു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ തുടരും. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങളുമായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
പൊതു ഇടങ്ങളിൽ പരിപാടികൾ നടത്താൻ എല്ലാ സംഘടനകളും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയതു മുതൽ കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമുണ്ടായിരുന്നു. മാത്രമല്ല ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

