കൊച്ചി :ലഹരി വിൽപ്പനക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ വീടുകയറി ആക്രമണം. സ്ത്രീകളും കുട്ടികളും അടക്കം 8 പേർക്ക് പരിക്കേറ്റു. എറണാകുളം മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വിൽസന്റെ വീട്ടിൽ ആണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കമ്പിവടിയും, കത്തിയും ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായിട്ടാണ് അക്രമിസംഘം വീട്ടിലെത്തിയത്. ഇതോടെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾ നിലവിളിച്ചു.
വീടിന്റെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ച അക്രമി സംഘത്തെ വിൽസന്റെ പിതാവ് വീട്ടിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ അക്രമികൾ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയായ ശരത്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് വിൽസൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു . ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായതെന്നും, ശരത്തും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റു മൂന്നുപേരും ചേർന്നാണ് തന്നെ ആക്രമിച്ചതെന്നും വിൽസനും കുടുംബവും ആരോപിച്ചു.
ആക്രമണം നടന്നയുടനെ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്താൻ വൈകിയെന്നും വിൽസൻ പരാതി നൽകിയിട്ടുണ്ട്. അതേസമയം അക്രമിസംഘവും
പരിക്കേറ്റു എന്ന പരാതിയുമായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും, ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുളന്തുരുത്തി പോലീസ് അറിയിച്ചു.