ബെംഗളൂരു: ഏപ്രിൽ 7 ന് കർണാടകയിലെ ചിക്കമഗളൂരുവിൽ നിന്ന് കാണാതായ 15 വയസ്സുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് തിരച്ചിൽ സംഘം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി ശ്രീനന്ദക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു.
ഇന്ന് രാവിലെയും ശ്രീനന്ദയ്ക്കായി പോലീസും വനംവകുപ്പും ഫയർഫോഴ്സും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുകളിലേക്ക് കൊണ്ടുവരാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയപ്പോൾ ആരെങ്കിലും ലക്ഷ്യം വച്ചിരിക്കാമെന്നും ഒറ്റയ്ക്കായിരുന്നപ്പോൾ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാമെന്നും അമ്മ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ശ്രീനന്ദ കുടുംബത്തോടൊപ്പം ചിക്കമഗളൂരുവിൽ എത്തിയത്. ബാബ ബുഡൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്, കുത്തനെയുള്ള ഇറക്കങ്ങളും മലയിടുക്കുകളും പരിശോധിക്കാൻ തെർമൽ ഡ്രോണുകളും വരെ പൊലീസ് ഉപയോഗിച്ചിരുന്നു.

