തിരുവനന്തപുരം ; നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ എം എൽ എ പി എ മുഹമ്മദ് റിയാസും , ഭാര്യ ടി വീണയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
നെയ്യാറ്റിൻകര സ്വദേശി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി റിയാസ്–വീണ ദമ്പതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകനായ നാഗരാജ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല . തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.തെരഞ്ഞെടുപ്പ് സമയത്ത് റിയാസ് സമർപ്പിച്ച പത്രികയിൽ വീണയുടെ സ്വത് വിവരങ്ങൾ മറച്ചു വച്ചുവെന്നാണ് ആരോപണം . ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വീണയുടെ കമ്പനിയ്ക്ക് ശശിധരൻ കർത്തായുടെ സിഎംആർഎല്ലിൽ നിന്നും പണം ലഭിച്ചതായി കണ്ടെത്തിയിരുന്നു.

