ഡബ്ലിൻ: ബജറ്റിന് ഒരു മാസം ശേഷിക്കേ പ്രതികരണവുമായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവർക്ക് സഹായകമാകുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്ന് അദ്ദേഹം പറഞ്ഞു. മുള്ളിംഗർ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രീ ബജറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനം ചെയ്യുന്നവർക്ക് മുന്നോട്ട് പോകാൻ കഴിയണം. വെറും ജീവിതം നയിക്കുക മാത്രമല്ല കഠിനാധ്വാനത്തിന്റെ ലക്ഷ്യം. രാജ്യത്ത് പട്ടണങ്ങളും സമൂഹങ്ങളും മുന്നോട്ട് പോകാൻ കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള ആളുകൾ വേണം. ബിസിനസ് ഉടമകളുടെ ചിലവ് കുറയ്ക്കുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സൗകര്യം വർധിപ്പിക്കുന്നതിലായിരിക്കും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

