ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് എം ബി ബി എസ് പഠിച്ചത് തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് . ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് ബിരുദാനന്തര ബിരുദ കോഴ്സിന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതിയതിന് ശേഷമാണ് തിരുവനന്തപുരം എംസിഎച്ചിൽ പ്രവേശനം നേടിയത്.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുമ്പോൾ, ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സർക്കാർ മെഡിക്കൽ കോളേജായ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയലിന്റെ (ജിഎസ്വിഎം) കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു ആരിഫ്.
സ്ഫോടനത്തിൽ നവംബർ 9 ന് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്. ഇരുവരും നിരവധി മാസങ്ങളായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച കാൺപൂരിലെ അശോക് നഗർ പ്രദേശത്തെ വാടക ഫ്ലാറ്റിൽ നിന്നാണ് ആരിഫിനെ അറസ്റ്റ് ചെയ്തത്. തീവ്രവാദ ബന്ധങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ ഫോണും ലാപ്ടോപ്പും പരിശോധിച്ചുവരികയാണ്.
എംബിബിഎസും എംഡിയും പൂർത്തിയാക്കിയ ശേഷമാണ് ആരിഫ് ജിഎസ്വിഎമ്മിൽ ചേർന്നതെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. ഉമേശ്വർ പാണ്ഡെ പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇന്റർവെൻഷണൽ കാർഡിയോളജിയിൽ അഡ്വാൻസ്ഡ് പരിശീലനം നടത്തി വരികയായിരുന്നു ആരിഫ്. കോളേജിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹം ക്യാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. ജിഎസ്വിഎം മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗം മേധാവിയായി ഡോ. ഷഹീൻ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘം പറയുന്നു

