ഒന്നും രണ്ടുമല്ല പുതുപ്പള്ളി ഒരു മനുഷ്യനെ നെഞ്ചിലേറ്റിയത് 53 വർഷമാണ് . അതായിരുന്നു പുതുപ്പള്ളിക്കാരും കുഞ്ഞൂഞ്ഞും തമ്മിലുള്ള ബന്ധം. ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാർക്ക് എന്നും കുഞ്ഞൂഞ്ഞാണ്.ഏതൊരാൾക്കും ഏത് പാതിരാത്രിയും തേടിവരാം കുഞ്ഞൂഞ്ഞിനെ . 1970 മുതല്‍ 12 തവണ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ നിയമസഭയിലേക്കെത്തിച്ച മണ്ഡലമാണ് പുതുപ്പള്ളി. മറിച്ചൊരു സ്ഥാനാർത്ഥി ഇവിടുത്തെ വോട്ടർമാരുടെ ചിന്തയിൽ വന്നിട്ടില്ല.
1970-ലെ തിരഞ്ഞെടുപ്പില്‍ 7288 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ കന്നി വിജയം. രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജിനെയാണ് അന്ന് ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയ്ക്ക് അന്ന് പ്രായം 27.
തൊട്ടടുത്ത തവണ 1977ല്‍ അത് 15910 ആയി ഉയര്‍ന്നു. അന്ന് കരുണാകരന് മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍മന്ത്രിയായി. 1980ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ 2000-ലേറെ വോട്ടിന്റെ ഇടിവുണ്ടായെങ്കിലും ഹാട്രിക് ജയത്തോടെ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു. രാജൻ കേസിലെ കോടതി വിധിയെ തുടർന്ന് കരുണാകരൻ മന്ത്രി സഭ രാജിവച്ചു. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ന്നു.
1982-ല്‍ അതുവരെയുള്ള പുതുപ്പള്ളിയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലേക്ക്. 1987-ല്‍ ഭൂരിപക്ഷം 9164 ആയി കുറഞ്ഞു. എന്നാല്‍, പിന്നീടുള്ള മൂന്ന് തവണയും ഭൂരിപക്ഷം 10000-ന് താഴേക്ക് വന്നില്ല. 1991ല്‍ 13811 വോട്ടിന്റെയും 1996ല്‍ 10155 വോട്ടിന്റെയും 2001ല്‍ 12575 വോട്ടിന്റെയും ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് നിയമസഭയിലേക്കെത്തി.
15 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിലില്ലായ്മ വേതനം നൽകിയതും , തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള കോളനിയില്‍ പുതിയ കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചതും, പിഎസ് സി നിയമനപ്രായപരിധി 35 വയസാക്കിയതും ചുമട്ടുതൊഴിലാളി നിയമം പാസാക്കിയതുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങളായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മത്സരിച്ച 2006-ല്‍ ഭൂരിപക്ഷം ഇരുപതിനായിരത്തോട് അടുത്തു. പിന്നീടുള്ള അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 2011ല്‍ 33255 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നേരെ മുഖ്യമന്ത്രി കസേരയിലേക്ക്. ആ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും സംസ്ഥാനംകണ്ട ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറിക്കഴിഞ്ഞിരുന്നു.
2016-ല്‍ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും പുതുപ്പള്ളിയുടെ നായകൻ ഉമ്മന്‍ ചാണ്ടി ആയിരുന്നു. അന്ന് 27092 ആയിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2021ല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഭൂരിപക്ഷം 9044 ലേക്ക് ഇടിഞ്ഞു. 51 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു അത്
മരണശേഷവും പുതുപ്പള്ളിയുടെ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറിനും അദ്ദേഹത്തിന്റെ ഓര്മകള്ക്കുപോലും പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ് ഫലം. ഉമ്മന്‍ ചാണ്ടിയുടെ മകന് എന്ന വിലാസം ഒന്നുകൊണ്ടുമാത്രമാണ് ചാണ്ടിക്ക് ഇത്ര വലിയ മൈലേജ് മണ്ഡലത്തില്‍ ലഭിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.

