തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കാൻ ഡോ. ഹാരിസ് ചിറക്കൽ നടത്തിയ ഒറ്റയാൾ പോരാട്ടം ഫലം കണ്ടു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇന്ന് ആശുപത്രിയിൽ എത്തിച്ചു. ഇതോടെ, മാറ്റിവച്ച ശസ്ത്രക്രിയകൾ ആശുപത്രിയിൽ പുനരാരംഭിച്ചു. ഹൈദരാബാദിൽ നിന്ന് ഇന്ന് രാവിലെ വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ തുറന്ന വിമർശനം ആശുപത്രിയിൽ സമരത്തിന് വഴിയൊരുക്കി. ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ ആവർത്തിച്ച് നിർത്തിവച്ചതിനെ തുടർന്നായിരുന്നു ഡോക്ടറുടെ പ്രതിഷേധം. “എന്നെ പുറത്താക്കൂ, ഈ സേവനം എനിക്ക് മടുത്തു,” എന്നാണ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ശസ്ത്രക്രിയകൾ വൈകിപ്പിക്കരുതെന്നും ഉപകരണങ്ങൾക്ക് പണം നൽകുന്നത് രോഗികളാണെന്നും ഡോക്ടർ ഹാരിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ച് ഞാൻ മടുത്തു. പ്രതിസന്ധി അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കാൻ ഓഫീസുകളുടെ പടികൾ ആവർത്തിച്ച് നടക്കുകയാണ്. എന്റെ എല്ലാ ശ്രമങ്ങളും വെറുതെയായി. എനിക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നേരിടാൻ കഴിയില്ല, ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്നു.” എന്ന് വ്യക്തമാക്കിയ സർക്കാരിനെതിരായ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു വൈറലായത്.
എന്നാൽ ഹാരിസിന്റെ ആരോപണം ആരോഗ്യവകുപ്പ് തള്ളിക്കളഞ്ഞു. പിന്നാലെ തനിക്ക് പരിമിതിയുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം പോസ്റ്റ് പിൻ വലിച്ചുവെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ഇടപെട്ടത്.

