ക്രിസ്തുദേവന്റെ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കലാണ് ഓരോ ദു:ഖവെള്ളിയും. അന്നേദിനം എല്ലാ വിശ്വാസികളും തങ്ങളുടെ അടുത്തുള്ള പള്ളികളിൽ എത്തുകയും പ്രാർത്ഥനകളിൽ പങ്കുകൊള്ളുകയും ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമെന്ന പോലെ അയർലൻഡിലും ദു:ഖവെളളി പ്രധാനപ്പെട്ട ദിവസമാണ്. ദു:ഖവെള്ളി ദിനവുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങൾ ഇവർ ആദ്യകാലങ്ങളിൽ വച്ചുപുലർത്തിയിരുന്നു.
മുടി മുറിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ദിനമാണ് ദു:ഖവെള്ളിയെന്ന വിശ്വാസം അയർലൻഡിലെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തിൽ മുടി മുറിച്ചാൽ ധാരാളമായി വളരുമെന്നാണ് ഇവിടുത്തുകാർ വിശ്വസിച്ചിരുന്നത്. അന്നേ ദിവസം തല കഴുകുന്നതും നല്ലതാണ്. എന്നാൽ പുരുഷന്മാർ ദു:ഖവെള്ളി ദിനത്തിൽ താടിയോ മീശയോ വടിയ്ക്കരുത്. ഇത് ദൗർഭാഗ്യങ്ങൾ കൊണ്ടുവരും. ദു:ഖവെള്ളി ദിനത്തിൽ മാംസം തൂക്കിയിടുന്നത് അശുഭകരമായിട്ടാണ് ഇവിടുത്തുകാർ കണ്ടിരുന്നത്.
ദു:ഖവെള്ളി ദിനത്തിൽ കൊല്ലന്മാരും മരപ്പണിക്കാരും ജോലി ചെയ്യാറില്ല. കാരണം വാളോ, ചുറ്റികയോ ഉപയോഗിക്കുന്നത് കുരിശുമരണംവരിച്ച ശേയുവിനോടുള്ള നിന്ദയായി കണക്കാക്കുന്നു. അന്ന് മരങ്ങളിലും മറ്റും ആണി തറയ്ക്കാറും ഇല്ല. ദു:ഖവെള്ളി ദിനത്തിൽ ചെടികൾ നട്ട് പിടിപ്പിയ്ക്കുന്നത് വളരെ നല്ലകാര്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് നടുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണെന്ന് ഐറിഷ് ജനത വിശ്വസിച്ചിരുന്നു. ആദ്യ കാലങ്ങളിൽ ദു:ഖവെള്ളി ദിനത്തിൽ വിശ്വാസികൾ ചെരുപ്പ് ധരിച്ചിരുന്നില്ല. വെയിലിൽ നഗ്നപാദരായാണ് ഇവർ പള്ളികളിലെത്തി പ്രാർത്ഥനകളിൽ പങ്കുകൊള്ളാറ്.

