ന്യൂഡൽഹി: രാജ്യത്തെ മൊത്തം ജി എസ് ടി വരുമാനം മാർച്ച് മാസത്തിൽ 2 ലക്ഷം കോടി രൂപ എന്ന ചരിത്ര നേട്ടത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.8 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണ് ഇത്.
മാർച്ചിലെ ആകെ വരുമാനത്തിൽ 1.46 ലക്ഷം കോടി രൂപ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ളതാണ്. ഇറക്കുമതി വഴിയുള്ള നികുതി വരുമാനം 17.8 ശതമാനം വർദ്ധിച്ച് 53,861 കോടി രൂപയിലുമെത്തി. ഫെബ്രുവരിയിൽ 1.84 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി വരുമാനം.
നടപ്പ് സാമ്പത്തിക വർഷത്തിലെ രാജ്യത്തെ ആകെ ജി എസ് ടി വരുമാനം 22.27 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 20.55 ലക്ഷം കോടി രൂപയായിരുന്നു. മാർച്ചിലെ നികുതി തിരിച്ചടവുകൾ കഴിഞ്ഞ് സർക്കാർ കൈപ്പറ്റിയ അറ്റ ജി എസ് ടി വരുമാനം 78 ലക്ഷം കോടി രൂപയാണ്.
ജി എസ് ടി വരുമാനത്തിൽ കേരളവും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 9 ശതമാനം വര്‍ധനയോടെ 1,373 കോടി രൂപയാണ്. 2025-26 ലെ കേരളത്തിലെ ആകെ ജി എസ് ടി വരുമാനം 8 ശതമാനം വർദ്ധനയോടെ 16,003 കോടി രൂപയാണ്.

