കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട സംവിധായകൻ രഞ്ജിത്തിനെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്നും രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നടി ഇതുവരെ ഫെഫ്കയിലോ ഐസിസിയിലോ പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കാരവാനിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞുനിർത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് അറസ്റ്റ് വിവരം പുറത്തുവന്നത്.
അതേസമയം, സർക്കാർ അതിജീവിതയോടൊപ്പമാണെന്നും പ്രതി ആരായാലും നടപടിയെടുക്കുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ‘ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് ഗുരുതരമാണ്. രഞ്ജിത്തിന് സംരക്ഷണം നൽകിയിട്ടില്ലെന്നും‘ സജി ചെറിയാൻ പറഞ്ഞു.
രഞ്ജിത്തിനെതിരെ നേരത്തെ രണ്ട് ലൈംഗിക പീഡന പരാതികൾ ലഭിച്ചിരുന്നു. ‘പാലേരി മാണിക്യം’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഒരു ബംഗാളി നടിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ആദ്യ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഇത്. തുടർന്ന്, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു.

