ഡബ്ലിൻ: അയർലൻഡിൽ ഈ ആഴ്ച മുതൽ പൊതുയിടങ്ങളിൽ സ്ക്രാംബ്ലറുകൾക്കുള്ള നിരോധനം നിലവിൽവരും. ഗ്രേസ് ലോ എന്ന പേരിൽ സർക്കാർ കൊണ്ടുവന്ന നിയമം മൂന്നാം തിയതി മുതൽ നടപ്പിലാക്കുമെന്നാണ് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ വ്യക്തമാക്കുന്നത്. പൊതുയിടങ്ങളിൽ ഇനി മുതൽ സ്ക്രാംബ്ലറുകൾ ഉപയോഗിച്ചാൽ കർശന നടപടി ആയിരിക്കും നേരിടേണ്ടിവരിക.
പുതിയ നിയമപ്രകാരം പൊതുസ്ഥലങ്ങളിലെ സ്ക്രാംബ്ലറുകളുടെ ഉപയോഗം കുറ്റകൃത്യമാണ്. സ്ക്രാംബ്ലറുകളുടെ അപകടകരമായ ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള 2023 ലെ റോഡ് ട്രാഫിക് ആൻഡ് റോഡ്സ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതാണ് ഗ്രേസ് ലോ. ജനുവരിയിൽ ഫിംഗ്ലാസിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് ഗ്രേസ് ലിഞ്ച് എന്ന കൗമാരക്കാരി കൊല്ലപ്പെട്ടിരുന്നു. ഗ്രേസിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

