തിരുവനന്തപുരം : തന്റെ കൈയിൽ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം വരെ പത്തുപൈസ കൊടുക്കില്ലെന്നും സിപിഎം നേതാവ് എ കെ ബാലൻ. ജയിലിൽ പോകേണ്ടി വന്നാൽ ആദ്യം ഖുറാൻ വായിച്ചു തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഖുറാനിന്റെ മലയാളം പരിഭാഷ ഉയർത്തിപ്പിടിച്ചായിരുന്നു എ.കെ. ബാലന്റെ വാർത്താ സമ്മേളനം.
‘ ഞാൻ ജനിച്ചത് നാദാപുരത്ത് ആണ്. അവിടെയുള്ള മുസ്ലിം ലീഗ് നേതാവും നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റുമായ ബംഗളത്ത് മുഹമ്മദ് എന്നെക്കുറിച്ച് പറഞ്ഞത് , ‘എകെ ബാലൻ ഈ നാടിന്റെ അഹങ്കാരവും അഭിമാനവുമാണ്. അദ്ദേഹം സിപിഎം നേതാവ് മാത്രമല്ല ലീഗിന്റെ നേതാവ് കൂടിയാണ്’ എന്നാണ് .
ഖുറാൻ എനിക്കിഷ്ടപ്പെട്ട ഒരു മതഗ്രന്ഥമാണ്. ഹൈക്കൽ എഴുതിയ ഇംഗ്ലീഷ് പരിഭാഷയുടെ മലയാള തർജമ ആർത്തിയോടെ വായിച്ചയാളാണ് ഞാൻ. മാനനഷ്ടക്കേസിൽ തന്നെ ശിക്ഷിച്ച് ജയിലാക്കുകയാണെങ്കിൽ ആദ്യം ചെയ്യുക ഖുറാൻ പരിഭാഷ വായിച്ചുതീർക്കുക എന്നതാണ്. ഞാനൊരു കപട വിശ്വാസിയല്ല. തൊഴിലാളി വർഗത്തോട് കൂറുള്ള വിശ്വാസിയാണ്. ഈമാനുള്ള ഒരു കമ്യൂണിസ്റ്റാണ്. എന്റെ ജീവിതത്തിൽ കാപട്യമില്ല .
എന്നെ അറിയുന്ന മുസ്ലിങ്ങൾ ഞാൻ ഒരു മുസ്ലിം വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഒന്ന് ഓർക്കുന്നത് നല്ലതാണ്. പത്ത് പൈസ എന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് വിചാരിച്ച് ജമാഅത്ത് കേസിന് കൊടുക്കണ്ട. മരണം വരെ പത്ത് പൈസ കൊടുക്കില്ല. അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി ഞാൻ പറഞ്ഞു കൊടുക്കാം.
ഇന്നും ഞാൻ വീട്ടിൽ പോയിക്കഴിഞ്ഞാൽ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മുസ്ലിം സുഹൃത്തുക്കളുണ്ട്. വളരെ ചെറുപ്പത്തിൽ സ്കൂൾ വിട്ടുവരുന്ന സമയത്ത് നാദാപുരം പള്ളിയുടെ മുമ്പിലിരുന്ന് വയലിത്തറ മൗലവിയും മതപ്രസംഗം കേട്ടവനാണ് ഞാൻ. ഫറൂഖ് മൗലവിയുടെ മതപ്രസംഗം കേട്ടവനാണ്. മൗലീദും റാത്തീവും അഞ്ച് നേരമുള്ള നിസ്കാരവും ആയി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ വളർന്ന ഒരാളാണ് ഞാൻ.‘ എന്നും ബാലൻ പറഞ്ഞു.
മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിക്കാനും എ.കെ ബാലന് തയാറായില്ല. ജമാഅത്തെ അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും മാപ്പ് പറയാന്‍ മനസില്ലെന്നും ബാലന് പറഞ്ഞു.

