തിരുവനന്തപുരം: റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 29,301 വാഹനങ്ങൾക്ക് പിഴ ചുമത്തി. സെപ്റ്റംബർ 21 മുതൽ 27 വരെ ഏഴ് ദിവസത്തെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സംസ്ഥാന പാതകളിൽ 9489 കേസുകളിലും, ദേശീയ പാതകളിൽ 8470 കേസുകളിലും, മറ്റ് റോഡുകളിൽ 11342 കേസുകളിലും നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തി. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ, ഗതാഗതം കൂടുതലുള്ള റോഡുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി എസ്. കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ച് ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്പിമാരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടരുമെന്നും റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.

