തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് . ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും പരസ്യമായി പ്രതികരിക്കാൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തയ്യാറായില്ല . 2025 നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പോലീസിൽ പരാതി നൽകിയത്.
ആദ്യ ഘട്ടത്തിൽ, കൊട്ടാരത്തിനുള്ളിൽ അന്വേഷണം നടത്തി. കുടുംബത്തിന് ചിലരിൽ സംശയം തോന്നിയതായും പിന്നീട് നിയമസഹായം തേടിയതായും സൂചനയുണ്ട്. കൊട്ടാരത്തിൽ ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരത്തിൽ ആകെ 15 ജീവനക്കാരുണ്ട്. പരമ്പരാഗതമായി കൈമാറിയതും വളരെ അപൂർവവുമായ 12 ആഭരണങ്ങൾ കാണാതായ കൂട്ടത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിനു മുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി മനസിലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊട്ടാരത്തിലുള്ളവർ അത് സ്വന്തം ഉപയോഗത്തിനായി എടുത്തതാണോ എന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചിരുന്നു. ആരും അത് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയപ്പോഴാണ് മോഷണം പോയതായി സംശയിച്ച് പോലീസിൽ പരാതി നൽകിയത്.

