തിരുവനന്തപുരം: സിപിഎം നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ കെ ബാലൻ . ജ്യോത്സ്യന്മാരുടെ വീടുകളിൽ പോകുന്നതും, അവരുമായി ബന്ധമുണ്ടാകുന്നതും പതിവാണ് . സമയം നോക്കാനല്ല എം വി ഗോവിന്ദൻ പോയത് . ആ രീതിയിൽ പാർട്ടിയിലെ ആരും പോയിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു.
‘ എന്റെ മണ്ഡലത്തിൽ എത്ര ജ്യോത്സ്യൻമാരുണ്ട്. ഞാൻ എത്ര വീടുകളിൽ പോയി വോട്ട് ചോദിച്ചിട്ടുണ്ട് .ഇതൊക്കെ സാധാരണ നിലയിൽ ഉള്ളതല്ലേ . ജ്യോതിഷന്മാരുടെ വീടുകളിൽ കയറാൻ പാടില്ലെന്നോ ? സമയം നോക്കാൻ ഞങ്ങളുടെ പാർട്ടിയിലെ ആരും പോയിട്ടില്ല . അതിന്റെ അർഥം വീട്ടിൽ കയറിക്കൂടാ എന്നുള്ളതല്ല – ബാലൻ പറഞ്ഞു.
എല്ലാ ആൾക്കാരുമായും ഞങ്ങൾ സംസാരിക്കും , ബന്ധമുണ്ടാക്കും. അവരുമായി സൗഹൃദമുണ്ടാക്കും. അതിന്റെ അർത്ഥം അവരുടെ ആശയങ്ങളുമായി യോജിക്കുന്നുവെന്നല്ല. കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം സിപിഎം സംസ്ഥാന സമിതിയിൽ ജ്യോതിഷവുമായി ബന്ധപ്പെട്ട് ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് .സമൂഹമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചില നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിന്റെ പേരിൽ സിപിഎം സംസ്ഥാനസമിതി യോഗത്തിൽ വിമർശനമുണ്ടായല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

