കോഴിക്കോട് : 75 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടാഞ്ചേരി വലിയ കൊല്ലി സ്വദേശിനിയായ മംഗലം വീട്ടിൽ ജാനുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ജാനുവിന് മറവി രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
ജാനുവിനെ കഴിഞ്ഞ ഏഴു ദിവസം മുൻപാണ് കാണാതായത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രം ലഭിച്ചിരുന്നു. വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. ഇതേ സ്ഥലത്ത് കോടാഞ്ചേരി പോലീസും ഡോഗ് സ്ക്വാഡും ചേർന്ന് വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുന്നത്.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

