ന്യൂഡൽഹി ; വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്വത്തുക്കളും , ഫണ്ടുകളും മരവിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുളള 7, 8 വകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് സക്കീർ നായിക്കിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും കണ്ടുകെട്ടാനുമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
1967-ലെ നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽ പ്രകാരമാണ് സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ സർക്കാർ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത് . ഒപ്പം നിരോധനം അഞ്ച് വർഷത്തേയ്ക്ക് നീട്ടുകയും ചെയ്തു. ഇന്ത്യയിൽ നടന്ന പല ആക്രമണങ്ങളിലും നായിക്കിന് പങ്കുണ്ടെന്നാണ് സൂചന. സുരക്ഷാസേന പിടികൂടിയ ഭീകരന്മാരും തങ്ങൾ സക്കീർ നായിക്കിന്റെ വീഡിയോകൾ കാണാറുള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016 ൽ ധാക്ക സ്ഫോടനവുമായി ബന്ധപ്പെട്ട പിടിയിലായവരും സക്കീർ നായിക്കിന്റെ പ്രസംഗങ്ങൾ തങ്ങളെ സ്വാധീനിച്ചതായി പറഞ്ഞിരുന്നു.
മലേഷ്യയിൽ കഴിയുന്ന സക്കീർനായിക്ക് ഹിന്ദുക്കൾക്കും, ചൈനീസ് വംശജരായ മലേഷ്യക്കാർക്കുമെതിരെ വംശീയ പരാമർശം നടത്തിയതിനെ തുടർന്ന് 2019 ൽ മലേഷ്യൻ സർക്കാർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

