ന്യൂഡൽഹി : മണ്ഡല പുനർനിർണ്ണയ ബിൽ എതിർക്കാനുള്ള നീക്കവുമായി കോൺഗ്രസ് . ശരദ് പവാറിന്റെ പിന്തുണയോടെ ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രസർക്കാർ . എന്നാൽ എന്തു വില കൊടുത്തും ബിൽ തടയണമെന്ന നിലപാട് കോൺഗ്രസ് നേതൃത്വം പാർട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം.
ഡൽഹിയിൽ സോണിയാഗാന്ധിയുടെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് ചേർന്ന ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത് . യോഗത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന് ആവശ്യമായ അംഗബലം ഉണ്ടോയെന്ന കാര്യത്തിൽ പോലും ഉറപ്പില്ലെങ്കിലും ബില്ലിനെ ശക്തമായി എതിർക്കുമെന്നാണ് രാഹുൽ യോഗത്തിൽ വ്യക്തമാക്കിയത്.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ബിജെപി വീണ്ടും മണ്ഡല പുനർനിർണ്ണയ ബിൽ അവതരിപ്പിക്കുന്നതെന്നാണ് രാഹുലിന്റെ അഭിപ്രായം. ലോക്സഭയിലെയും, രാജ്യസഭയിലെയും എം പിമാർ യോഗത്തിൽ പങ്കെടുത്തതായി എംപി ഗൗരവ് ഗൊഗോയ് അറിയിച്ചു . നാളെ മറ്റ് സഖ്യകക്ഷികളുമായും ചർച്ച നടത്തും.
ലോക്സഭയിലെ നിലവിലെ അംഗബലം അതേപടി നിലനിർത്തുക, നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണം, അടുത്ത 25 വർഷത്തേയ്ക്ക് ലോക്സഭയിൽ വിവിധ സംസ്ഥാനങ്ങൾക്കുള്ള പ്രാതിനിധ്യ അനുപാതം നിലനിർത്തണം എന്നിവയാണ് കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ.

