കൊച്ചി ; ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നടത്തുന്ന തട്ടുകട സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഭദ്രകീർത്തി, അമ്മ ബിന്ദു എന്നിവർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ കടയിൽ കയറണമെന്നും ഇവർക്ക് കരുത്തായി കൂടെ നിൽക്കണമെന്നും സുരേഷ് ഗോപി തന്റെ പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്… ❤️
ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു. ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്.
സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.
പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം

