തിരുവനന്തപുരം ; മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ പി എം ഷെമീറാണ് ഓം പ്രകാശ് മാഥൂറിന് പരാതി നൽകിയത് . മുഖ്യമന്ത്രി നടത്തിയ പ്രസംഗം പ്രതികാരത്തിനും, ആക്രമണത്തിനും ആഹ്വാനം ചെയ്യുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല. വി ഡി സതീശനെതിരെ ഭരണഘടനപരവും,നിയമപരവുമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
നേരത്തെ വിഡി സതീശനെതിരെ ഡി വൈ എഫ് ഐയും പരാതി നൽകിയിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നൽകിയത് . കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. ‘ ഞങ്ങൾ ഒന്നും മറക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രക്തത്തിന് പകരം ചോദിക്കും ‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം .
പയ്യന്നൂരിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേ സിപിഎം നേതാവ് ടി എം മധുസൂദനൻ പരസ്യമായി കൊലവിളി മുഴക്കിയത് വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയും വിമർശനം ഉയർന്നത്. കണക്ക് തീർക്കേണ്ടിടത്ത് പാർട്ടി കണക്ക് തീർക്കുക തന്നെ ചെയ്യുമെന്നും, സോഷ്യൽ മീഡിയ വഴി പാർട്ടിയെ അവഹേളിക്കുന്നവർക്കും മറുപടി ലഭിക്കുമെന്നുമായിരുന്നു ടി എം മധുസൂദനന്റെ പ്രസംഗം.

