ദിവസങ്ങളോളം ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിച്ച ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം . 30 കാരൻ ദിമിത്രി നുയാൻസിനാണ് മരിച്ചത് . ഉറക്കത്തിൽ ഹൃദയസ്തംഭനം വന്നതിനെ തുടർന്നായിരുന്നു മരണം . 25 കിലോ വർദ്ധിപ്പിക്കാനും പിന്നീട് അവ കുറയ്ക്കാനും പദ്ധതിയിട്ട് നടത്തിയ ചലഞ്ചിന്റെ ഭാഗമായി ദിവസേന 10,000 കലോറി ഭക്ഷണക്രമമാണ് ദിമിത്രി പിന്തുടർന്നത് .
“ഫുഡ് മാരത്തൺ “ എന്ന പേരിൽ പിസ്സ, ബർഗറുകൾ, ചിപ്സ് തുടങ്ങിയ ഉയർന്ന കലോറി ഭക്ഷണങ്ങൾ ദിമിത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹം തന്റെ ഭക്ഷണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്തു . എന്നാൽ ഇത് അദ്ദേഹത്തിന്റെ ശരീരത്തിന് താങ്ങാൻ കഴിഞ്ഞില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് .
“എന്റെ ശരീരഭാരം കുറയ്ക്കൽ കോഴ്സിനായി ഞാൻ ഇപ്പോൾ ശരീരഭാരം കൂട്ടുകയാണ്, ഇതാണ് എന്റെ 10,000 കലോറി ഭക്ഷണക്രമം. പ്രഭാതഭക്ഷണത്തിന്, എനിക്ക് ഒരു പ്ലേറ്റ് പേസ്ട്രിയും പകുതി കേക്കും ആണ് ഉള്ളത് . ഉച്ചഭക്ഷണത്തിൽ മയോണൈസിനൊപ്പം 800 ഗ്രാം ഡംപ്ലിംഗ്സ് . തുടർന്ന് അത്താഴത്തിന് ഒരു ബർഗറും രണ്ട് പിസ്സയും കഴിക്കും. ഇതെല്ലാം ശരീരഭാരം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗമായിരുന്നു. “ ദിമിത്രി പുറത്ത് വിട്ട് വീഡിയോയിൽ പറയുന്നു.
രണ്ട് ദിവസം മുൻപ് ദിമിത്രിയ്ക്ക് ശാരീരികാസ്വാസ്ഥ്യം തോന്നിയതായും റിപ്പോർട്ടുണ്ട്. ചലഞ്ച് തുടങ്ങുന്ന സമയത്ത് ദിമിത്രി 92 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. നവംബർ 18 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാരം 105 കിലോഗ്രാമായിരുന്നു

