ബെർൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ ബാർ സ്ഫോടനത്തിൽ 40 പേർ മരണം. പരിക്കേറ്റ നൂറോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊണ്ടാനയിലെ ആഡംബര ആൽപൈൻ റിസോർട്ട് പട്ടണമായ സ്വിസ് കീ റിസോർട്ടിലെ ബാറിലാണ് സ്ഫോടനം ഉണ്ടായത്.
പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് അപകടം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഏകദേശം 100 പേർ ബാറിൽ ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂടുതൽ വഷളാക്കിയതെന്ന് പറയപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആൽപ്സിലെ ആഡംബര റിസോർട്ട് പ്രദേശവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് ക്രാൻസ്-മൊണ്ടാന.
അപകടത്തെത്തുടർന്ന്, ക്രാൻസ് മൊണ്ടാന പ്രദേശത്തുകൂടിയുള്ള വ്യോമ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. പുതുവത്സരാഘോഷത്തിനിടെ അശ്രദ്ധമായി പടക്കങ്ങൾ കൈകാര്യം ചെയ്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അധികൃതർ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു

