മാപുട്ടോ; മൊസാംബിക്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാപങ്ങൾ ശക്തമാകുന്നതിനിടെ 1500 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. മൊസാംബിക്കിൻ്റെ തലസ്ഥാനമായ മാപുട്ടോയിൽ ജയിലിൽ ഉണ്ടായ കലാപത്തിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കലാപത്തെത്തുടർന്ന് അതീവ സുരക്ഷാ ജയിലിൽ നിന്ന് 1534 തടവുകാർ രക്ഷപ്പെട്ടതായും, അതിൽ 150 പേരെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്. മൊസാംബിക്കിലെ മറ്റ് രണ്ട് ജയിലുകളിലും കലാപം നടന്നതായി റിപ്പോർട്ടുകളുണ്ട്. മൊസാംബിക്കിൽ ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കൊല്ലപ്പെട്ടവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
രക്ഷപ്പെടാൻ ശ്രമിച്ചവരിൽ, ജയിൽ ഗാർഡുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് 33 പേർ കൊല്ലപ്പെട്ടത് . 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 1975 മുതൽ അധികാരത്തിലുള്ള ഫ്രെലിമോ ഒക്ടോബർ 9ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി കോടതി സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെ കൂടുതൽ സംഘർഷങ്ങളുണ്ടായി. ആക്രമണം തുടരുന്നതിനാൽ തലസ്ഥാനത്തെ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. നിരവധി കടകൾ ഇതിനകം കൊള്ളയടിക്കപ്പെട്ടു. ആംബുലൻസും മെഡിക്കൽ സ്റ്റോറുകളും കത്തിച്ചു.