കാഠ്മണ്ഡു : ഇടക്കാല മന്ത്രിസഭ വികസിപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി . അഞ്ച് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയതോടെ മന്ത്രിമാരുടെ എണ്ണം ആകെ ഒമ്പത് ആയി. കാർക്കിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ,അനിൽ കുമാർ സിൻഹ, മഹാവീർ പുൻ, സംഗീത കൗശൽ മിശ്ര, ജഗദീഷ് ഖരേൽ, മദൻ പരിയാർ എന്നിവരെ പുതിയ മന്ത്രിമാരായി നിയമിച്ചു.
ഈ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. സിൻഹയ്ക്ക് വ്യവസായ വാണിജ്യ മന്ത്രാലയവും, മഹാവീർ പുന്നിന് വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മന്ത്രാലയവും, മിശ്രയ്ക്ക് ആരോഗ്യ, ജനസംഖ്യാ മന്ത്രാലയവും, ഖരേലിന് വിവര, ആശയവിനിമയ മന്ത്രാലയവും, പരിയാറിന് കൃഷി മന്ത്രാലയവും നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി ഉൾപ്പെടെ ഒമ്പത് മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത് . കാർക്കി നിരവധി പ്രധാന വകുപ്പുകൾ വഹിക്കുന്നുണ്ട് . അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ യുവാക്കൾ നയിച്ച പ്രതിഷേധങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സർക്കാർ തകർന്നു.അതിനു പിന്നാലെ സെപ്റ്റംബർ 12 ന് സുശീല കാർക്കി അധികാരമേറ്റു. ഇതോടെ നാളുകൾ നീണ്ട രാഷ്ട്രീയ അസ്ഥിരത അവസാനിച്ചു
അധികാരമേറ്റ ശേഷം, കാർക്കി കുൽമാൻ ഘിസിംഗിനെ ഊർജ്ജ, ജലവിഭവ, ഭൗതിക ആസൂത്രണ മന്ത്രിയായും, രാമേശ്വർ ഖനാലിനെ ധനമന്ത്രിയായും, ഓം പ്രകാശ് ആര്യലിനെ ആഭ്യന്തര മന്ത്രിയായും നിയമിച്ചു. 2026 മാർച്ച് 5 ന് നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ഈ ഇടക്കാല സർക്കാർ നിലനിൽക്കും. പ്രതിഷേധക്കാരും വിവിധ പങ്കാളികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ തിരഞ്ഞെടുത്തത്.
നേപ്പാളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുക, അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങൾ പരിഹരിക്കുക, സർക്കാർ കെട്ടിടങ്ങൾ പുനർനിർമിക്കുക തുടങ്ങിയ വെല്ലുവിളികൾ ഇടക്കാല സർക്കാർ നേരിടുന്നുണ്ട്.

