ന്യൂഡൽഹി : ഭർത്താവിന്റെ രണ്ടാം വിവാഹം തടയാൻ നരേന്ദ്രമോദിയുടെ സഹായം ആവശ്യപ്പെട്ട് പാക് യുവതി. തന്നെ ഭർത്താവ് കറാച്ചിയിൽ ഉപേക്ഷിച്ചുപോയെന്നും ഡൽഹിയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും നികിത നാഗ്ദേവ് എന്ന യുവതി പറയുന്നു.
കറാച്ചി സ്വദേശിയായ നികിത, 2020 ജനുവരി 26 നാണ് ഇൻഡോറിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചത് . ഒരു മാസത്തിനുശേഷം, ഫെബ്രുവരി 26 ന് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ, തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞുവെന്ന് നികിത പറയുന്നു.
‘ 2020 ജൂലൈ 9 ന്, വിസ പ്രശ്നത്തിന്റെ മറവിൽ അട്ടാരി അതിർത്തിയിൽ നിന്ന് നിർബന്ധിതമായി തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. അതിനുശേഷം, വിക്രം ഒരിക്കലും തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. . എന്നെ ഇന്ത്യയിലേക്ക് വിളിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു, പക്ഷേ അദ്ദേഹം എല്ലാ തവണയും വിസമ്മതിച്ചു,” നികിത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘ നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. നിരവധി പെൺകുട്ടികൾ അവരുടെ ദാമ്പത്യ ഭവനങ്ങളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നു. എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . ഞാൻ പാകിസ്ഥാനിൽ നിന്ന് എന്റെ ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവരുടെ പെരുമാറ്റം പൂർണ്ണമായും മാറി. എന്റെ ഭർത്താവിന് എന്റെ ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ ഭർതൃപിതാവിനോട് പറഞ്ഞപ്പോൾ, ‘ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങളുണ്ടാകും, ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു മറുപടി. ഇപ്പോൾ വിക്രം ഡൽഹിയിൽ ഒരു സ്ത്രീയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണ് . തന്നെ പ്രധാനമന്ത്രി സഹായിക്കണം ‘ എന്നും നികിത പറയുന്നു.
നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന് മുമ്പാകെ ഈ കേസ് എത്തിയിരുന്നു . വിക്രമിനും നികിതയ്ക്കും നോട്ടീസ് നൽകുകയും വാദം കേൾക്കുകയും ചെയ്തു. എങ്കിലും മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

