2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ലൈംഗികാതിക്രമങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്ത് . കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ എന്നിവയുൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലായി 17 സാക്ഷികളാണ് മൊഴി നൽകിയത്.
ഭാഗികമായോ പൂർണ്ണമായോ നഗ്നമായി കണ്ടെത്തിയ മൃതദേഹങ്ങൾ, തൂണുകളിലോ മരങ്ങളിലോ കൈകൾ ബന്ധിച്ച നിലയിലുള്ളവ, ജനനേന്ദ്രിയത്തിൽ വെടിയേറ്റതും , ജനനേന്ദ്രിയങ്ങൾ വികലമാക്കപ്പെട്ടതുമായ മൃതദേഹങ്ങൾ എന്നിങ്ങനെയാണ് പലതും കണ്ടെത്തിയത്. ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികൾ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ കണക്കുകൾ വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. പലസ്തീനെയും ഗാസ മുനമ്പിനെയും അവരുടെ സങ്കേതമാക്കിയും അവിടത്തെ ജനങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചും ഹമാസ് ഇസ്രായേലിനെ ആക്രമിച്ചുവെന്നും റിപോർട്ടിൽ പറയുന്നു.
ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിരന്തരം നിഷേധിച്ചിട്ടുണ്ട്. റിപ്പോർട്ട് “അഭിപ്രായം പറയാൻ അർഹമല്ല” എന്ന് ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം പറഞ്ഞു.മാർച്ചിൽ, ഗാസയിൽ ഇസ്രായേൽ ലൈംഗിക അതിക്രമത്തെ ഒരു യുദ്ധ തന്ത്രമായി ഉപയോഗിച്ചുവെന്ന് യുഎൻ വിദഗ്ധർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ നടന്ന ജിഹാദി ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലി പൗരന്മാർ കൊല്ലപ്പെടുകയും 250 ൽ അധികം ആളുകളെ ബന്ദികളാക്കപ്പെടുകയും ചെയ്തു.

