തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച 35 കാരിയിലൂടെ പുതുജീവൻ ലഭിക്കുന്നത് അഞ്ച് പേർക്ക് . കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത് . ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസ് വഴി എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഏപ്രിൽ 2 നാണ് ജയി ജയകുമാറിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
അടുത്തിടെ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഹൃദയത്തിന് പുറമേ, രണ്ട് വൃക്കകൾ, ഒരു കരൾ, രണ്ട് കോർണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ഏപ്രിൽ ഒന്നിന് രാത്രി 9 മണിയോടെ ഒരുവാതിൽകോട്ടയ്ക്ക് സമീപം കൃഷിഭവന് മുന്നിൽ വച്ചായിരുന്നു അപകടം . വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ തന്റെ സൈക്കിളിൽ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാലിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 4 ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

