ഡബ്ലിൻ: ഇന്ധനവിലയ്ക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ഉപരോധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികൾ നേരിടേണ്ടതായി വരുമെന്നും ഗാർഡ അറിയിച്ചു. റോഡിൽ വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പോലീസിന്റെ മുന്നറിയിപ്പ്.
ഇനി മുതൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിഷേധമായി കാണാൻ പറ്റില്ലെന്ന് പോലീസ് വ്യക്തമാക്കി. അവ ഉപരോധങ്ങളാണ്. മൂന്ന് നാൾ നീണ്ട സമരം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് ഗാർഡ ഡെപ്യൂട്ടി പോലീസ് ഓപ്പറേഷൻസ് കമ്മീഷണർ ഷാന കോക്സൺ പറഞ്ഞു. പോലീസ് ഇപ്പോൾ നിർണായക നടപടി കൈക്കൊള്ളാൻ പോകുകയാണ്. എത്രയും വേഗം പ്രതിഷേധം അവസാനിപ്പിക്കണമെന്നും കോക്സൺ കൂട്ടിച്ചേർത്തു.

