ഗാസ : ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെയ്തം അലി തബതബായിയെ ഇസ്രായേലി പ്രതിരോധ സേന വധിച്ചു . ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി തബതബായിയെ വധിച്ചത്.
ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബതബായിയുടെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള വീണ്ടും ആയുധം എടുക്കാൻ തുടങ്ങുന്നതായി ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു.
തബതബായിയുടെ കൊലപാതകം സ്ഥിരീകരിച്ച ഹിസ്ബുള്ള, “തന്റെ അനുഗ്രഹീത ജീവിതത്തിന്റെ അവസാന നിമിഷം വരെ ഇസ്രായേലി ശത്രുവിനെ നേരിടാൻ പ്രവർത്തിച്ച” “മഹാനായ ജിഹാദിസ്റ്റ് കമാൻഡർ” ആയാണ് തബതബായിയെ വിശേഷിപ്പിച്ചത്.
2016 ൽ യുഎസ് തബതബായിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 5 മില്യൺ ഡോളർ, അല്ലെങ്കിൽ ഏകദേശം 45 കോടി രൂപ, തലയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
2023-24 കാലഘട്ടത്തിൽ ലെബനനിൽ നടന്ന ഭീകരമായ യുദ്ധത്തിൽ, മിക്ക ഹിസ്ബുള്ള നേതാക്കളും ഇസ്രായേലി വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. തബതബായ് രക്ഷപ്പെട്ടു. യുഎസ് മധ്യസ്ഥതയ്ക്ക് ശേഷം യുദ്ധം അവസാനിച്ചുവെങ്കിലും ഹെയ്തം അലി തബതബായ്യെ ഇസ്രായേൽ വെറുതെ വിട്ടില്ല.
1980 കളിലാണ് ഹെയ്തം അലി തബതബായ് ഹിസ്ബുള്ളയിൽ ചേർന്നത്. നിരവധി യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സിറിയയിലും യെമനിലും സഖ്യസേനയ്ക്കൊപ്പം പോരാടിയ ഹിസ്ബുള്ളയുടെ രണ്ടാം തലമുറ പോരാളികളിൽ ഒരാളായിരുന്നു അദ്ദേഹം.

