ബെർലിൻ: നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് 10 മിനിറ്റ്. ഫ്രങ്ക്ഫർട്ടിൽ നിന്നും സ്പെയിനിലെ സെവിയ്യയിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ എയർബസ് 321 വിമാനം ആയിരുന്നു പൈലറ്റുമാരുടെ നിയന്ത്രണം ഇല്ലാതെ പറന്നത്. പ്രധാന പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞ് വീണു. ഇതോടെയാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്.
199 യാത്രികരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ശുചിമുറിയിൽ പോയി തിരികെ എത്തിയ പ്രധാന പൈലറ്റിന് കോക്ക്പിറ്റിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. ഇതോടെ സഹപൈലറ്റിനെ ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഈ സമയം അദ്ദേഹം കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. പിന്നീട് എമർജൻസി ഡോർവഴിയാണ് പ്രധാന പൈലറ്റ് കോക്ക്പിറ്റിൽ പ്രവേശിച്ചത്. പിന്നാലെ മാഡ്രിഡിൽ വിമാനം അടിയന്തിരമായി താഴെയിറക്കി.

