ലക്നൗ ; മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ കോടതിക്ക് പുറത്ത് ചെരുപ്പ് കൊണ്ട് അടിച്ച് ഭാര്യ . ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. 2018 ലാണ് യുവതി വിവാഹിതയായത്.
താമസിയാതെ, സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി. രണ്ട് പെൺമക്കളുടെ ജനനത്തിനുശേഷം, ഭർത്താവ് യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട്, സാമ്പത്തിക സഹായം തേടി കേസ് ഫയൽ ചെയ്തപ്പോൾ, ഭർത്താവ് കുട്ടികളെ തന്നിൽ നിന്ന് അകറ്റി കൊണ്ടുപോയതായും യുവതി പറഞ്ഞു . ഈ കേസിലെ വാദം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്. ഇതിനായി യുവതി അമ്മയ്ക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. ഭർത്താവും ഭർതൃപിതാവും ഹാജരായി. കോടതിയിൽ വച്ച് ഭർത്താവും ഭർതൃപിതാവും തന്നെ പിന്തുടരുകയും അപമാനിക്കുകയും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.
പിതാവിന്റെ പ്രേരണയാൽ ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയതായും തുടർന്ന് താൻ അദ്ദേഹത്തെ ആക്രമിച്ചതായും അവർ പറഞ്ഞു. യുവതി ഭർത്താവിനെ പലതവണ ചെരുപ്പ് കൊണ്ട് അടിക്കുകയും അതിനിടയിൽ അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.
മോദി സർക്കാർ രാജ്യത്ത് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിലക്കിയിരുന്നു. മുത്തലാഖ് ചൊല്ലുന്ന കേസുകളിൽ ജയിൽ ശിക്ഷ അടക്കം നൽകാനും നിയമമുണ്ട്.

