ബെയ്ജിംഗ് : അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ മേയർക്ക് വധശിക്ഷ വിധിച്ച് ചൈന . ഹൈഹൗ സിറ്റിയുടെ മുൻ മേയറായ ഷാങ് ക്വിയ്ക്കാണ് മരണശിക്ഷ വിധിച്ചത് . ഒന്നും രണ്ടുമല്ല ഇന്ത്യൻ രൂപ 3,400 കോടി വിലമതിക്കുന്ന പണവും, സ്വർണ്ണവുമാണ് മേയർ സമ്പാദിച്ചത്.
മേയറുടെ അപ്പാർട്ട്മെന്റിൽ അന്വേഷണ ഏജൻസികൾ നടത്തിയ റെയ്ഡിൽ 13,500 കിലോഗ്രാം സ്വർണ്ണവും യുവാൻ രൂപത്തിൽ ഏകദേശം 3,400 കോടി രൂപയും കണ്ടെടുത്തു. മുൻ മേയറുടെ വീട്ടിൽ നിന്ന് ഇത്രയും വലിയ അളവിലുള്ള പണവും സ്വർണ്ണവും കണ്ടെത്തിയത് ചൈനീസ് ചരിത്രത്തിൽ അപൂർവമാണ്. കൂടാതെ, ചൈനയിലും വിദേശത്തുമുള്ള ആഡംബര റിയൽ എസ്റ്റേറ്റ് സ്വത്തുക്കളും, വിലകൂടിയ കാറുകളുടെ ശേഖരവും കണ്ടുകെട്ടി.
10 വർഷം കൊണ്ട് ഷാങ് ഒരു ബില്യൺ ഡോളറിന്റെ സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. 2009 നും 2019 നും ഇടയിൽ മുൻ മേയർ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും സർക്കാർ കരാറുകൾ നൽകുന്നതിനും ഭൂമി ഇടപാടുകൾ അംഗീകരിക്കുന്നതിനും പകരമായി കൈക്കൂലി സ്വീകരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കാലയളവിൽ, അദ്ദേഹം കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു.
പൊതു ഫണ്ട് ദുരുപയോഗം ചെയ്യൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ഗുരുതരമായ അഴിമതി എന്നീ കുറ്റങ്ങൾക്ക് ഷാങ് ക്വി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത് . ഷാങ് പൊതുജന വിശ്വാസത്തെ വഞ്ചിച്ചുവെന്നും രാജ്യത്തിന് ഗണ്യമായ നഷ്ടം വരുത്തിവെച്ചെന്നും വിധിയിൽ പറയുന്നു. തുടർന്നാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.

