ന്യൂഡൽഹി : ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കവുമായി ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ . ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പുനഃസ്ഥാപിച്ചു.മുഹമ്മദ് യൂനുസിന്റെ സർക്കാർ ഏകദേശം രണ്ട് മാസം മുമ്പ് നിർത്തിവച്ചിരുന്നതാണിവ.
മെഡിക്കൽ, ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിഭാഗം വിസകളും ഇന്ത്യൻ പൗരന്മാർക്ക് പുനഃസ്ഥാപിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ബിസിനസ്, വർക്ക് വിസകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു . ഇന്ന് രാവിലെയാണ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ബിഎൻപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് ദിവസത്തിന് ശേഷം എടുത്ത ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുരോഗതിയെ സൂചിപ്പിക്കുന്നു.
എല്ലാ വിസ സേവനങ്ങളും പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ബംഗ്ലാദേശിലെ സിൽഹെറ്റിലുള്ള ഇന്ത്യയുടെ സീനിയർ കോൺസുലാർ ഓഫീസർ അനിരുദ്ധ ദാസ് പറഞ്ഞു. “നിലവിൽ മെഡിക്കൽ, ഡബിൾ എൻട്രി വിസകൾ വിതരണം ചെയ്യുന്നുണ്ട്. യാത്ര ഉൾപ്പെടെയുള്ള മറ്റ് വിഭാഗത്തിലുള്ള വിസകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.” ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പരസ്പര ബഹുമാനത്തെയും പങ്കിട്ട താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ എല്ലാത്തരം ഇന്ത്യൻ വിസകളും സാധാരണ രീതിയിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായതിനുശേഷം ബംഗ്ലാദേശ് നിർണായക രാഷ്ട്രീയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . ബംഗ്ലാദേശിൽ തീവ്ര രാഷ്ട്രീയ പ്രവർത്തകനായ ഷെരീഫ് ഒസ്മാൻ ബിൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. നയതന്ത്ര സംഘർഷങ്ങൾക്ക് മറുപടിയായി 2025 ഡിസംബറിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കോൺസുലർ, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഹാദി മരിച്ചുവെന്ന വാർത്തയെത്തുടർന്ന്, ഡിസംബർ 18 ന് രാത്രി ഒരു കൂട്ടം പ്രതിഷേധക്കാർ ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ പ്രകടനം നടത്തുകയും കല്ലെറിയുകയും ചെയ്തു. ഇതിനെത്തുടർന്ന്, ഡിസംബർ 21 മുതൽ ഇന്ത്യ അവിടെയുള്ള പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു.

