പൂനെ ; പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗിൽ .
ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.
1942 ൽ പൂനെയിലാണ് മാധവ് ഗാഡ്ഗിൽ ജനിച്ചത്. മുംബൈയിൽ നിന്ന് ജീവശാസ്ത്രം പഠിച്ച ശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഗണിതത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി. സ്റ്റാൻഫോർഡിലും കാലിഫോർണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു അദ്ദേഹം. 215 ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും അദ്ദേഹം എഴുതി. 2002 ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ടിന് കീഴിലുള്ള കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ അദ്ദേഹത്തെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചു. കേരളത്തിൽ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തിന് ശരിയായ സംരക്ഷണം നൽകിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തങ്ങളെക്കുറിച്ചുള്ള ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് വയനാട് മണ്ണിടിച്ചിലിനിടെ ചർച്ചയ്ക്ക് കാരണമായി. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണമായിരുന്നു ഗാഡ്ഗിലിന്റെ പ്രധാന ദർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

