തിരുവനന്തപുരം: പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച വ്യക്തിയോട് ക്ഷുഭിതനായതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ തന്നോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അത് പത്രസമ്മേളനത്തിൽ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അവ പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അയാൾ എന്നെയോ. എൽ ഡി എഫിനെയോ എതിർക്കാൻ വന്നതല്ല. ചില ആവേശക്കാർ ഉണ്ടല്ലോ. പല തരത്തിലാണ് അവർക്ക് ആവേശം വരുന്നത് . എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗം ഒരു പത്രസമ്മേളനമല്ല. ഒരു പത്രസമ്മേളനത്തിലാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്. നിങ്ങളെല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമോ? അങ്ങനെ ചെയ്താൽ, പ്രതികരണം ഒന്നുതന്നെയായിരിക്കും. അത് സ്വാഭാവികമല്ലേ? ഒരു പൊതുയോഗത്തിന് അതിന്റേതായ രീതിയുണ്ട്. പറയുന്നത് ഇഷ്ടപ്പെടാത്തവർക്ക് കേൾക്കാതിരിക്കാൻ സൗകര്യമുണ്ട് , ഇഷ്ടമുള്ളവർക്ക് കേൾക്കാം. അത് തടസ്സപ്പെടുത്താൻ ശ്രമിക്കരുത്, ”അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോന്നിയിൽ പ്രസംഗത്തീനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് സിപിഎം പ്രവർത്തകനായ ദാസ് പി ജോർജ് ചോദ്യമുന്നയിക്കാൻ ശ്രമിച്ചത് .മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ‘ സഖാവേ ഒരു ചോദ്യം ‘ എന്നായിരുന്നു ദാസ് വിളിച്ചു പറഞ്ഞത് . അത് കേട്ട പിണറായി വീട്ടിൽ പോയി ചോദിക്കെന്ന് മറുപടി നൽകി. സംഭവം വിവാദമായതോടെ തന്റെ ഭാഗത്താണ് തെറ്റുണ്ടായതെന്ന് ദാസ് പി ജോർജ് പറഞ്ഞിരുന്നു.

