പത്തനംതിട്ട ; കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യമുന്നയിച്ച് സിപിഎം പ്രവർത്തകനായ ദാസ് പി ജോർജ്. അട്ടച്ചാക്കൽ ഇൻസ്ട്രുമുക്ക് സ്വദേശിയാണ് ദാസ് പി ജോർജ് .മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ‘ സഖാവേ ഒരു ചോദ്യം ‘ എന്നായിരുന്നു ദാസ് വിളിച്ചു പറഞ്ഞത് . അത് കേട്ട പിണറായി വീട്ടിൽ പോയി ചോദിക്കെന്ന് മറുപടി നൽകി. സംഭവം വിവാദമായതോടെ തന്റെ ഭാഗത്താണ് തെറ്റുണ്ടായതെന്ന് ദാസ് പി ജോർജ് പറഞ്ഞു.
വികസനത്തെയും കേന്ദ്ര ഫണ്ടുകളുടെ അഭാവത്തെയും കുറിച്ചാണ് താൻ ചോദ്യം ഉന്നയിക്കാൻ ഇരുന്നതെന്നും ദാസ് പി ജോർജ് പറഞ്ഞു. സർക്കാർ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞതിനാൽ വികസനത്തിന് മതിയായ പണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ, പണം എങ്ങനെ കണ്ടെത്താമെന്ന ചോദ്യം ചോദിക്കാനാണ് താൻ ശ്രമിച്ചതെന്നും ദാസ് പറഞ്ഞു. പ്രസംഗിക്കുന്നതിനിടെ ഇത്തരമൊരു ചോദ്യം ചോദിച്ചത് തന്നെ തെറ്റായിപ്പോയി. അദ്ദേഹം തന്നെ ശാസിച്ചതായേ കരുതുന്നുള്ളൂവെന്നും ദാസ് പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ജി സുധാകരനെതിരെയുള്ള ‘ ചെറ്റത്തരം ‘ പരാമർശവും ‘വീട്ടിൽ പോയി ചോദിക്കൂ’ എന്ന പരാമർശവും കോൺഗ്രസ് പ്രചരണവേളയിൽ സജീവമായി ചൂണ്ടിക്കാട്ടും.പരാജയഭീതിയിൽ മുഖ്യമന്ത്രിക്ക് ആത്മസംയമനം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് കോന്നിയിൽ സംഭവിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു.

