ധാക്ക: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി ഉണ്ടായ ഇന്ധന പ്രതിസന്ധി ബംഗ്ലാദേശിൽ അതിരൂക്ഷമായി തുടരുന്നു. പെട്രോൾ പമ്പുകൾക്ക് മുന്നിൽ സദാസമയവും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് പലപ്പോഴും കൈയ്യാങ്കളികൾക്കും അക്രമങ്ങൾക്കും കാരണമാകുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വിതരണത്തിൽ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആവശ്യക്കാർക്ക് മതിയായ അളവിൽ ഇന്ധനം നൽകാൻ സാധിക്കുന്നില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ പെട്രോൾ പമ്പുകൾ ഏത് സമയത്തും അടച്ച് പൂട്ടാവുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. പല ഉൾനാടൻ പ്രദേശങ്ങളിലും ആയുധധാരികളായി, വ്യാജ നമ്പർ പ്ലേറ്റ് വെച്ച വാഹനങ്ങളിൽ എത്തുന്ന ആൾക്കൂട്ടങ്ങൾ പമ്പുകൾ കൈയ്യേറി ഇന്ധനം കൊള്ളയടിക്കുന്ന വാർത്തകളും പുറത്ത് വരുന്നതായി പമ്പ് ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ദൗർലഭ്യത്തിന് പുറമേ, മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പമ്പുകളിലെ ജീവനക്കാർ. സർക്കാർ നിഷ്ക്രിയത്വം തുടരുകയാണെങ്കിൽ, ദീർഘദൂര ഇന്ധന വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രക്കുകളും ടാങ്കറുകളും ആക്രമിക്കപ്പെടാവുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ബംഗ്ലാദേശിലെ ഇന്ധന വിതരണ സ്ഥാപനങ്ങളുടെ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

