തിരുവനന്തപുരം : മോഹൻലാൽ – പിണറായി വിജയൻ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചിലവിട്ടത് 11,21,000 രൂപ . മുഴുവൻ തുകയും സർക്കാർ ഫണ്ടിൽ നിന്നാണ് ഉപയോഗിച്ചതെന്ന് വിവരാവകാശരേഖയിൽ പറയുന്നു. സർക്കാർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും ആർടിഐ പകർപ്പിൽ പറയുന്നു. തിരുവല്ലയിലെ റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.
‘കണ്ടും മിണ്ടിയും ഇരുവർ’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. അഭിമുഖം രണ്ട് ദിവസമായി ക്ലിഫ് ഹൗസിലാണ് ചിത്രീകരിച്ചത് . അഭിമുഖത്തിന്റെ ടീസർ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ, വ്യക്തിജീവിതങ്ങളെക്കുറിച്ചായിരുന്നു ഉള്ളടക്കം. അതേസമയം ഈ അഭിമുഖത്തെ പിആർ വർക്കായി പ്രതിപക്ഷം പരിഹസിച്ചിരുന്നു. മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.
പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയിൽ പിണറായി വിജയൻ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചന നൽകി. മോഹൻലാൽ സന്തോഷത്തോടെ അതിന് സമ്മതിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ ഇത്തരമൊരു അഭിമുഖം നടത്തിയിരുന്നു.

